Monday 9 June 2014

നിനക്കായ്‌ ....






ഉദിച്ചുയരുന്ന സൂര്യനില്‍ നിന്റെ സ്പന്ദനം ഞാനറിയുന്നുണ്ട് 
വിരിഞ്ഞു തുടങ്ങുന്ന പൂക്കളില്‍ നിന്റെ പുഞ്ചിരി ഞാന്‍ സ്വപ്നം കാണാറുണ്ട്‌ 
കണ്ണടച്ചാലും കണ്‍തുറന്നാലും എന്നില്‍ നീയുണ്ടെന്ന സത്യവും ഞാന്‍ തിരിച്ചറിയുന്നുണ്ട് 
കാലം മായ്ക്കാത്ത ....ചിതലരിയ്ക്കാത്ത എന്റെ ഓര്‍മ്മകളില്‍ ..
ശരീരത്തിന്റെ നേര്‍ത്ത ചൂടില്‍...  നീ ഒരുപാടൊരുപാടിഷ്ട്ടപ്പെടുന്ന 
എന്റെ കണ്ണുകളില്‍ ...ഞാനറിയുന്നു നിന്നെ.

കോരിച്ചൊരിഞു സ്വയം മറന്നു തിമിർത്തു പെയ്തിറങുന്ന മഴയെ
ഒരിയ്ക്കലെങ്കിലും ഹൃദയത്തിലാവാഹിച്ച് ആ അനന്തമായ മൌനത്തിന്റെ
കുളിരാര്‍ന്ന സ്നേഹം സ്വന്തമാക്കാന്‍ ഇനി എത്ര ജന്മം കാത്തിരിയ്ക്കണം ഞാന്‍ ?

മണ്ണിന്റെ സ്നേഹ സുഗന്തത്തിനോട് ചേര്‍ന്ന് പൊട്ടിച്ചിരിച്ചുതിര്‍ന്നു വീഴുമ്പോള്‍
നീ എന്റെ ഹൃദയത്തില്‍ നിന്നും തുളുമ്പി പോകാതിരിയ്ക്കാന്‍ മിഴികളടയ്ക്കാറുണ്ടെന്നും.

എന്റെ കൈവിരല്‍തുമ്പുകളിലെയ്ക്ക് കുളിരേകി അടര്‍ന്നു വീഴുമ്പോള്‍...
നിന്നിലനുഗമിച്ചെതുന്ന നനവോലും പ്രണയം തഴുകുമ്പോള്‍ ഓര്‍ക്കാറുണ്ടോ.. 
ഒരായിരം ജന്മങളിലേക്കുള്ള ഓർമ്മകളാണു നീയറിയാതെനിക്കു നീ നേരുന്നതെന്ന്..?

ജീവിതത്തിന്റെ സൌഭാഗ്യങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമുള്ള മൂല്യം 
ശൂന്യമായി ഗണിച്ചു നീയെനിക്ക് നല്‍കിയ പ്രണയം ജീവനായ്‌ കാത്തുവയ്ക്കുന്നു ഞാന്‍.
ആരുടേയും അനുവാദമില്ലാതെ....
നിന്റെ നിന്റെ വിസമ്മതത്തിനു ചെവി തരാതെ...
ഞാന്‍ നിന്നിലര്‍പ്പിച്ച ..നീയെനിക്കേകിയ പ്രണയത്തിന്റെ തണലില്‍. 
                                       
                                                                                                 -സ്നേഹപൂര്‍വ്വം  മന്ദാരപ്പൂവ്


Tuesday 13 May 2014

പ്രണയം





ഒരിയ്ക്കലെങ്കിലും  മനസ്സില്‍ കുറിച്ചിട്ടതിനെയൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.
 എങ്കിലും ചിലതൊക്കെ മറവിയ്ക്ക് വിട്ടു കൊടുക്കാനും മനപൂര്‍വ്വം ശ്രമിക്കുന്നുണ്ടാകാം ചിലര്‍ ..

എന്റെ പ്രണയം... അതിന്റെ അര്‍ഥവും വ്യാപ്തിയും അളക്കാന്‍ എനിക്കറിയില്ല.
എവിടെവച്ചോ തെറ്റിപ്പോയ... ജീവിതത്തിന്റെ ഹരണങ്ങളില്‍ നഷ്ട്ടപ്പെട്ടുപോയ ഇനിയൊരിയ്ക്കലും ശരിയാകാത്ത ഒരു കണക്ക്‌.. അങ്ങനെ തോന്നാറുണ്ട് ചിലപ്പോള്‍

പെയ്തൊഴിഞ്ഞ മഴയെങ്കിലും നനുത്ത മണ്ണിന്റെ ഗന്ധം ബാക്കി വച്ച് അവനെന്റെ മനസിലോ മിഴികളിലോ ഒക്കെ ഒളിച്ചിരുപ്പുണ്ടെന്ന്‍ തോന്നും മറ്റുചിലപ്പോള്‍.

തനിച്ചിരിക്കുമ്പോഴെല്ലാം ഓര്‍ത്തെടുക്കാന്‍...സന്തോഷങ്ങളില്‍ നീയരികില്‍ ഇല്ലാതെ പോയല്ലോ എന്നോര്‍ത്ത്‌ നിനക്കുവേണ്ടി മാത്രം ഒരു തുള്ളി കണ്ണുനീര്‍ പൊഴിയ്ക്കാന്‍ ഈ ഓര്‍മ്മകള്‍ എനിക്ക് സ്വന്തമാണെന്നും.

ആരും കാണാതെ മനസ്സില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ നീയെനിക്കുണ്ടല്ലോ എന്ന ചിന്ത മനസ്സിലുടനീളം നിറയുമ്പോള്‍ ഞാന്‍ ഞാനല്ലാതാകുന്നു ..സ്വപ്നങ്ങളുടെ ..ആഗ്രഹങ്ങളുടെ ..സ്വാന്തനത്തിന്റെ ..സൌഹൃദത്തിന്റെ ..പ്രണയത്തിന്റെ ആ ലോകം എനിക്കും സ്വന്തമാകുന്നു.... നീ നല്‍കിയ ഓര്‍മ്മകളിലൂടെ...

Wednesday 7 May 2014

ഓര്‍മ്മകള്‍





ഓര്‍മ്മകള്‍ ,.... എവിടെ തുടങ്ങണമെന്നോ  എങ്ങനെ തുടങ്ങണമെന്നോ 
തിരിച്ചറിയാനാകാത്ത.. മനസ്സിന്റെ സന്തോഷങ്ങളും സങ്കടങ്ങളും 
വരിഞ്ഞു മുറുക്കുന്ന ആത്മാവിന്റെ പ്രതിരൂപം.
മനസിന്റെ ഏതോ ഒരറ്റത്തിരുന്നു നിമിഷങ്ങളുടെ ഗദ്ഗദങ്ങളില്‍ 
സന്തോഷങ്ങളായും സങ്കടങ്ങളായും പങ്കു ചേരുന്ന അപൂര്‍വ്വമായൊരവസ്ഥയാണെന്ന്‍ 
പലപ്പോഴും തോന്നാറുണ്ട്.
സങ്കടങ്ങളുടെ മുള്‍മുനയില്‍ മറവിയെ അത്യധികം സ്നേഹിച്ചു പോകും 
സന്തോഷങ്ങളുടെ ഹൃദയമിടിപ്പില്‍ ഓര്‍മ്മകളെ നെഞ്ചോട്‌ ചേര്‍ത്ത് വയ്ക്കും.
സൌഹൃദങ്ങളുടെ ..പ്രണയത്തിന്റെ ...വാത്സല്യത്തിന്റെ അങ്ങനെയങ്ങനെ 
മനുഷ്യ സഹജമായ ഓരോ വികാരങ്ങളുടെയും സംഗമമാണ് ഓരോ ഓര്‍മ്മകളും.

സങ്കല്‍പ്പങ്ങള്‍ക്ക് പ്രാണന്‍ കൊടുക്കാനും ഒരുപക്ഷെ ഓര്‍മ്മകള്‍ക്ക് മാത്രമേ കഴിയൂ....


                                                                                                                              -മന്ദാരപ്പൂവ്